History

കേരള എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍

1976 ആഗസ്റ്റ് മാസം 19 ാം തിയ്യതി എറണാകുളത്ത് വെച്ച് രൂപീകരിച്ചു.

കേരളത്തിലെ 14 ജില്ലകളിലും ജില്ലാ കമ്മിറ്റികളും ഓരോ ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 70 പേര്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സിലും ചേര്‍ന്നതാണ് സംഘടനയുടെ രൂപം. എക്‌സൈസ് വകുപ്പിലെ പ്രിവന്റ്ീവ് ഓഫീസര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍, ഡ്രൈവര്‍, വാന്‍ ക്ലീനര്‍ എന്നീ തസ്തികകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ കരുത്തുറ്റ കൂട്ടായ്മയാണ് ഈ സംഘടന.

3333നൂറ്റാണ്ടിന്റെ പഴക്കമുള്ള വകുപ്പില്‍ സംഘടന രൂപീകൃതമായിട്ട് 36 വര്‍ഷം പിന്നിട്ടു. പുരാതനകാലത്ത് കേരളത്തിലെ ചില വിഭാഗങ്ങള്‍ക്കിടയില്‍ മാത്രം നില നിന്നിരുന്ന പുളിപ്പിച്ച നാടന്‍ മദ്യം ഉണ്ടാക്കി കഴിക്കുന്ന ശീലം പതിയെ സമൂഹത്തിലേക്ക് പടര്‍ന്നപ്പോള്‍ ഇവ നിയന്ത്രിക്കാന്‍ ഭരണകൂടം കള്ള് ചെത്തുന്നവര്‍ക്ക് കത്തിക്കും ചാരായം വാറ്റുന്നവര്‍ക്ക് ചട്ടിക്കും ഏര്‍പ്പെടുത്തിയ കത്തിച്ചട്ടിക്കരം എന്ന പ്രൊഫഷണല്‍ ടാക്‌സ് സിസ്റ്റം നടപ്പിലാക്കുന്ന വകുപ്പാണ് പിന്നീട് ഇന്നത്തെ എക്‌സൈസ് വകുപ്പ് ആയി വളര്‍ന്നത്.

സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ജനാധിപത്യ ഭരണകൂടങ്ങള്‍ നിലവില്‍ വന്നപ്പോഴും വകുപ്പില്‍ അതിന്റെ പഴയ മാടമ്പി സ്വഭാവങ്ങള്‍ വിട്ടൊഴിഞ്ഞിരുന്നില്ല. ജാനാധിപത്യബോധം തൊട്ടുതീണ്ടാത്ത ചില മേലുദ്യോഗസ്ഥരോടും ലാഭക്കൊതിമൂത്ത ലൈസന്‍സികളോടും കടുത്ത പോരാട്ടം നടത്തിയാണ് സംഘടന ഇന്നത്തെ നിലയിലേക്കു വളര്‍ന്നുവന്നത്. ആദ്യഘട്ടത്തില്‍ വകുപ്പില്‍ ഒരു സര്‍വ്വീസ് സംഘടന രൂപംകൊള്ളുന്നത് ഭരണാധികാരികള്‍ക്കോ മേലുദ്യോഗസ്ഥര്‍ക്കോ മദ്യ മുതലാളിമാര്‍ക്കോ സഹിക്കാവുന്നതിലപ്പുറമായിരുന്നു. സംഘടനയെ തകര്‍ക്കാന്‍ സസ്‌പെന്‍ഷനുകളും സ്ഥലം മാറ്റങ്ങളും പോലുള്ള ആയുധങ്ങള്‍ അവര്‍ പുറത്തെടുത്തപ്പോള്‍ ജീവനക്കാരെ അണിനിരത്തി സഹന സമരങ്ങള്‍ നടത്തി അന്നത്തെ നേതൃത്വം അതിനെ പ്രതിരോധിച്ചു. ഇതിനിടെ സംഘടനയിലെ ചില അഭിപ്രായ വ്യത്യാസങ്ങള്‍ പിളര്‍പ്പിനും വഴിവെച്ചു. എന്നാല്‍ നമ്മുടെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ രണ്ട് സംഘടനകളായി പ്രവര്‍ത്തിക്കുന്നത് വിഘാതമാവുമെന്ന തിരിച്ചറിവ് നമ്മെ ഐക്യത്തിലേക്ക് നയിച്ചു. പിന്നീട് ജീവനക്കാരുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നടക്കാന്‍ സംഘടനയ്ക്ക് കഴിഞ്ഞു.

ഈ കാലഘട്ടങ്ങളിലെല്ലാം മലപ്പുത്തെ ജീവനക്കാരുടെ സംഘടനാ ബോധവും പ്രവര്‍ത്തനവും എന്നും ഒരുപടി മുന്നില്‍ തന്നെയായിരുന്നു. സി.എച്ച്. ഉമ്മന്‍, അയ്യപ്പന്‍. ടി, എ.വി. അബൂബക്കര്‍, ഇ.എസ്. മനോഹരന്‍, കെ എസ് കരുണാകരന്‍, ടി ബി ജയറാം, എന്‍ പി വിജയരാഘവന്‍, ഇ ജോസഫ് കുര്യന്‍, പറമ്പന്‍ മുഹമ്മദ്, പാറക്കല്‍ മുഹമ്മദ്, എന്‍ അശോകന്‍, കെ. ഷൗക്കത്തലി, ഹാഷിം ബാബു, പി ഉണ്ണി, ടി.പി. വര്‍ഗ്ഗീസ്, എന്‍. അബ്ദുള്‍ വഹാബ്, കെ രാമകൃഷ്ണന്‍ എന്നീ സമുന്നതരായ നേതാക്കളുടെ ഊര്‍ജ്ജ്വസ്വലമായ പ്രവര്‍ത്തനവും സംഘനയ്ക്ക് കരുത്തേകി.

പിന്നിട്ട വഴിത്താരകള്‍ നമുക്കാവേശം പകരുമ്പോഴും വകുപ്പിലെ കോര്‍പ്പറേറ്റ് വല്‍ക്കരണവും തലപൊക്കുന്ന ഉദ്യോഗസ്ഥ മാടമ്പിത്തരങ്ങളും മുന്നേറാനുള്ള പാത ദുര്‍ഘടമാണെന്ന് നമ്മെ ഓര്‍മിപ്പിക്കുന്നു. എന്നിരുന്നാലും നവകേരള സൃഷ്ടിക്കായി ജനാധിപത്യ ബോധമുള്ള കേരളീയ ജനത മുന്നോട്ടുവെച്ച പുതിയ ഭരണകൂടം നമ്മളെയും നിറമുള്ള സ്വപ്‌നങ്ങള്‍ കാണാന്‍ വഴിവെക്കുമെന്ന് കരുതാം.